തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ 1008 നാളികേരംകൊണ്ടുള്ള പ്രത്യക്ഷ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു.
രാവിലെ ആരംഭിച്ച മഹാഗണപതിഹോമത്തിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വംവഹിച്ചു.
ക്ഷേത്രത്തിലെ നിത്യശീവേലി ആന കൊടുങ്ങല്ലൂർ ദേവിദാസനെ ഗജപൂജ ചെയ്തു. ദേവസ്വം ഓംബുഡ്സ്മാൻ കെ.ടി രാമകൃഷ്ണൻ എറണാകുളം ശിവകുമാറിന് ആദ്യ ഉരുളനൽകി ഉദ്ഘാടനംചെയ്തു.
ഗീതാ ഗോപി എംഎൽഎ, കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസി. കമ്മീഷണർ എം. മനോജ് കുമാർ, ദേവസ്വം മനേജർ കെ.വി. വിനീത എന്നിവർ നേതൃത്വംനല്കി. തിരുവാണിക്കാവ് രാജഗോപാൽ , ഊക്കൻസ് കുഞ്ചു, പിതൃക്കോവിൽ പാർഥസാരഥി, കാളിയാർമഠം ശേഖരൻ തുടങ്ങി 25 ആനകൾ ആനയൂട്ടിൽ പങ്കെടുത്തു.
ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.